കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു.
ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു.
തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി.
2010, നവംബർ 28, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ