2010, നവംബർ 28, ഞായറാഴ്‌ച

ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീഷണി


പാരീസ്‌ : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ്‌ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്‌, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.
ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.
2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ്‌ നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ